Friday, 15 May 2015

നമ്മോടാ അവന്മാരുടെ കളി !!

അതിർത്തിയിൽ ഇന്ത്യൻ
സൈന്യവും പാകിസ്താൻ
സൈന്യവും ട്രെഞ്ചുകളിൽ
പതുങ്ങിയിരിക്കുന്നു.
പെട്ടെന്ന് ഇന്ത്യയുടെ വിജയ് സിങ്ങിനു
ഒരു ബുദ്ധി തോന്നി.
പുള്ളി ഒച്ചയെടുത്ത്
വിളിച്ചു.
“ഒയേ അബ്ദുള്ളാ..”
അപ്പുറത്തുള്ള ട്രെഞ്ചിൽ നിന്ന് ഒരുത്തൻ
തല പൊന്തിച്ചു ചോദിച്ചു
“എന്താടാ പട്ടീ”
അപ്പൊത്തന്നെ അവന്റെ തല ഒരു ബുള്ളറ്റ്
തകർത്തു..
സിങ്ങ് പിന്നേം വിളിച്ചു
“ഒയേ കരീം”
അപ്പുറത്ത് നിന്ന് 2 എണ്ണം എണീറ്റ് നിന്ന് ചോദിച്ചു
“എന്നോടാണോടാ?”
രണ്ടിന്റെയും ബ്രെയിൻ വെടി കൊണ്ട്
പായസമായി!
സിങ്ങ് അടുത്തതായ് വിളിച്ചു
“ഒയേ മുസ്തഫാ”
2 പാകിസ്താനി തലകൾ
കൂടി പൊന്തുകയും അവ ചിതറുകയും ചെയ്തു..
പാകിസ്താനികൾ ആകെ ടെൻഷനിലായി.
“നാറി ഇന്ത്യക്കാർ.. ഇവന്മാർക്കെങ്ങനെ ഇത്ര ബുദ്ധി വന്നു!”
ട്രെഞ്ചിലെ പിന്നെയും ബുദ്ധിയുള്ള ഫൈസലിനു ഒരു ഐഡിയ തോന്നി..
ഇതേ തന്ത്രം തിരിച്ച്
പ്രയോഗിച്ചാലോ??
“ഒയേ അജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ചിൽ നിന്ന് നിശബ്ദത..
“ഒയേ വിജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ച് നിശബ്ദം..
ഒയേ പ്യാരീ ബായ് സഞ്ജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ചിൽ നിന്ന് കനത്ത നിശബ്ദത..
2 മിനുട്ട് കഴിഞ്ഞ് ഇന്ത്യൻ ട്രെഞ്ചിൽ നിന്ന്
“ആരാ വിജയ് സിങ്ങിനെ വിളിച്ചത്?”
ഒരു പാകിസ്താനി ഞാനാ എന്ന് പറഞ്ഞ് തലപൊക്കിയതും
ഠോ!!!!!!
നമ്മോടാ അവന്മാരുടെ കളി !!

Monday, 2 June 2014

എന്റെ മോനയ്ക്ക് (തുടര്‍ച്ച)

പദ് മനാഭന്‍ തിക്കോടി

iv

മോനാ,
ഓര്‍മ്മകള്‍ കടന്നുവരുന്നത്‌
നിന്റെ പ്രണയവുമായാണ്,
ഞാന്‍ പോലുമറിയാതെ.
ചില നേരങ്ങളില്‍
തിരമാലകളെ പോലെ കുതിച്ച്‌
ചില നേരങ്ങളില്‍
മന്ദമാരുതനായി
പൂക്കാലത്തിന്റെ പരിമളം വഹിച്ച്.

v

മോനാ,
നിന്നെ കുറിച്ചുള്ളതു
മാത്രമല്ലേ
എന്റെ ഓര്‍മ്മകള്‍.
ഓരോ ക്ഷണത്തിലും
ഓരോ ദിനത്തിലും
ഇരുളിലുംപ്രകാശത്തിലും.

Wednesday, 2 October 2013

വിജയന്‍ മാഷ്‌-

 ''കേൾക്കണമെങ്കിൽ ഈ ഭാഷ വേണം'' എന്നാണ് 2007 ഒക്ടോബർ 3-ന്‌ ഉച്ചക്ക് 12 മണിക്ക്  .തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കവേ കുഴഞ്ഞു വീണു മരിക്കുന്നതിനു മുമ്പ് വിജയന്‍ മാഷ്‌ അവസാനമായി പറഞ്ഞ വാചകങ്ങൾ.
ഏതു സന്ദര്‍ഭത്തിലും എടുത്തുദ്ധരിയ്ക്കാവുന്ന എണ്ണമറ്റ മൊഴിമുത്തുകള്‍  നമുക്കായി തന്നാണ് മാഷ് പോയത്.  ചിന്തയുടെ തീവെളിച്ചം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന എം.എന്‍. വിജയന്‍ പറഞ്ഞിരുന്ന മിക്ക കാര്യങ്ങളും അക്കാലത്തും, എക്കാലത്തും പ്രസക്തമായി അനുഭവപ്പെടുന്നുണ്ട്... നോക്കൂ-

''തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും .ചിന്തയുടെ അഗ്‌നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട് . പക്ഷെ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിട്ടു മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ് .അതു നമുക്കു പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് .ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം ''

''നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''

''ഒരു പാര്‍ട്ടിക്കാരന്‍ മനസ്സിലാക്കേണ്ടത് എല്ലാവരില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട് എതിര്‍ക്കുന്നവര്‍ പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‍ക്കെറിയുന്ന ചോദ്യങ്ങള്‍ നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റേയും കടമ.ഒരാള്‍ കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയുള്ളൂ.''

''ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.''

''എന്റെ കാലടിപ്പാടുകള്‍ ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍ മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനികതായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്‍ശനികതയായിരുന്നു.ഒരു മൃഗത്തിന് മരണഭയമില്ല.ഈ മരണഭയത്തില്‍ നിന്നാണ് കഠേപനിഷത്തും ഒരു അനര്‍ഘനിമിഷവും പിറക്കുന്നത്.''

''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്‍തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില്‍ ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്‍ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്‍ത്ഥ സാമുദായിക പ്രശ്‌നങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള്‍ കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''

''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?''

''കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല്‍ എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം.

ഇങ്ങനെ നിരവധി...........
കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ, കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്ന നിരൂപണം മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തന്നെ തുടക്കം കുറിച്ച പഠനമായിരുന്നു.
കാളിദാസൻ, കുമാരനാശാൻ,ജി.ശങ്കരക്കുറുപ്പ്ചങ്ങമ്പുഴ,വൈലോപ്പിള്ളിബഷീർ എന്നിവരെയൊക്കെ അദ്ദേഹം പഠനവിധേയമാക്കി. 
1952-ൽ മദിരാശി ന്യൂ കോളെജിൽ  തുടങ്ങിയ അദ്ധ്യാപനവൃത്തി   തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നും മലയാളവിഭാഗം തലവനായി 1985-ൽ വിരമിക്കുന്നതുവരെ തുടർന്നു. ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മനഃശാസ്ത്രവും എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു വിടപറഞ്ഞ ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
മാഷിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു....

എന്‍ മോഹനന്‍- ഒരു ഓര്‍മ്മക്കുറിപ്പ്‌

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്ന ശ്രീ  എൻ.മോഹനൻ ഓര്‍മയായിട്ട് ഈ വ്യാഴാഴ്ച പതിനാലു വര്‍ഷമാകുന്നു. 
സഹൃദയ മനസ്സില്‍ സ്ഥാനം പിടിച്ച കുറെയേറെ കഥകള്‍ ഇദ്ദേഹതിന്റെ തൂലികയിലൂടെ പുറത്ത് വന്നിട്ടുണ്ട്. പ്രസിദ്ധീകരിയ്ക്കപ്പെട്ട സമാഹാരങ്ങളില്‍ 

നിന്റെ കഥ(എന്റെയും),ദുഃഖത്തിന്റെ രാത്രികൾ,പൂജയ്ക്കെടുക്കാത്ത പൂക്കൾ,എൻ.മോഹനന്റെ കഥകൾ,ശേഷപത്രം,നുണയുടെ ക്ഷണികതകൾ തേടി,സ്നേഹത്തിന്റെ വ്യാകരണം,നിഷേധരാജ്യത്തിലെ രാജാവ്,ഒരിക്കൽ എന്നിവ അനുവാചകശ്രദ്ധ പിടിച്ചുപറ്റി. ഇന്നലത്തെ മഴ എന്ന നോവലും ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരുവഴിയിലെ കരിയിലകള്‍,  അവസ്ഥാന്തരങ്ങള്‍, കത്താത്ത കാര്‍ത്തിക വിളക്ക് എന്നീ സൃഷ്ടികള്‍ സെലുലോയ്ഡിലും എത്തി. ചില കഥകള്‍ - യാസിന്‍ നിസാര്‍ അഹമ്മദ്, ടിബറ്റിലേയ്ക്കുള്ള വഴി തുടങ്ങിയവ- അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി  എന്നീ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

സാഹിത്യ മികവിന്റെ അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.. നാലപ്പാടൻ അവാർഡ്, പത്മരാജൻ അവാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സാഹിത്യ അവാർഡ്, ടെലിവിഷൻ കഥയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ്, അബുദാബി മലയാള സമാജം അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഇവയില്‍ ചിലവ മാത്രം.

പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനായി 
1933 ഏപ്രിൽ 27-ന്‌ രാമപുരത്ത് ജനിച്ച മോഹനന്‍  രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയരക്ടറായിരിക്കെ 1988-ൽ സർ‌വീസിൽ നിന്നും വിരമിച്ചു.

1999 ഒക്ടോബർ 3-ന്‌  ആണ് ഇദ്ദേഹം അന്തരിച്ചത്.

നമുക്ക് സ്മരിയ്ക്കാം, ഈ പ്രതിഭയെ, ആദരവോടെ.
 
പദ്  മനാഭന്‍ തിക്കോടി 

Saturday, 28 September 2013

എപ്പോഴും കൂടെ നടക്കുന്ന ഒരാള്‍

എപ്പോഴും കൂടെ നടക്കുന്ന ഒരാള്‍ 

പദ് മനാഭന്‍ തിക്കോടി

നല്ല ക്ഷീണം കൊണ്ടാവാം, മഹേഷ്‌ നേരത്തെ തന്നെ കിടന്നു. ഉറക്കത്തിലേയ്ക്കു വഴുതിയത് അറിഞ്ഞത് പോലുമില്ല.

ഒരു ഫ്ലേഷ് ലൈറ്റ് മുഖത്തടിച്ച പോലെ.. ഒരു സ്വപ്നലോകത്ത് ...
ഏതോ കടലോരത്ത് കൂടെ നടക്കുകയാണ് താന്‍. കൂടെ ഒരാളുണ്ട്. ആകാശത്തിന്റെ ഒരു കോണിലേയ്ക്കു കൈ ചൂണ്ടി അയാള്‍ മൊഴിഞ്ഞു.

''ആ ഭാഗത്ത്‌ നോക്കൂ. .. .നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഒക്കെ അവിടെക്കാണാം.''

ചലച്ചിത്ര ദൃശ്യങ്ങള്‍ പോലെ തന്‍റെ കുട്ടിക്കാലവും കൗമാരവും യൌവനവുമൊക്കെ മഹേഷ്‌ കണ്ടു. ഓരോ ചെറു ദൃശ്യത്തിനുമൊപ്പം നീണ്ട മണല്പ്പരപ്പുകള്‍. ഒരു ജോഡി അല്ലെങ്കില്‍ രണ്ടു ജോഡി പാദമുദ്രകളും.

'' ആരുടേതാണ് ആ കാലടികള്‍? '' മഹേഷ്‌ ചോദിച്ചു.

'' ഒരു ജോഡി മഹേഷിന്റേതു തന്നെ. മറ്റേതു മഹേഷിന് എന്നും താങ്ങായ ദൈവത്തിന്റെതും ''

അവസാന ദൃശ്യം കഴിഞ്ഞപ്പോള്‍ മഹേഷ്‌ ഒരു കാര്യം ശ്രദ്ധിച്ചു.. പല സമയങ്ങളിലും പാദമുദ്രകള്‍ ഒരു ജോഡി മാത്രം, അതും താനേറെ വിഷമിച്ച ദു:ഖിച്ച സമയങ്ങളില്‍.

'' സുഹൃത്തേ, എനിയ്ക്ക് മനസ്സിലാവുന്നില്ല. തുടക്കം മുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ദൈവം എന്‍റെ ഏറ്റവും വിഷമിച്ച ഘട്ടങ്ങളിലൊക്കെ എവിടെ പോയി? എനിയ്ക്കെന്നും താങ്ങായി ഒപ്പമുണ്ട് എന്ന് പറയുന്ന ദൈവം എന്തെ എനിയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് എന്നെ വിട്ടു മാറിയത്?''

'' മഹേഷ്‌, ദൈവം കരുണയുള്ളവനാണ്. നിന്നെ വിട്ടുപോയി എന്ന് നീ കരുതുന്ന സമയത്തൊക്കെ ദൈവം നിന്നോടൊപ്പം ഉണ്ടായിരുന്നു. പരീക്ഷണ ഘട്ടങ്ങളിലൂടെ നീ കടന്നു പോയപ്പോഴൊക്കെ നിന്നെ തോളിലേറ്റി നടക്കുകയായിരുന്നു, ദൈവം. നിന്റെ പാദമുദ്രകളാണ് അന്നേരങ്ങളില്‍ അവിടെ പതിയാതിരുന്നത്.''

                                                ------------

[ഒരു പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറില്‍ പ്രസിദ്ധീകരിച്ചത് - 1995 ല്‍ ]