Saturday 28 September 2013

എപ്പോഴും കൂടെ നടക്കുന്ന ഒരാള്‍

എപ്പോഴും കൂടെ നടക്കുന്ന ഒരാള്‍ 

പദ് മനാഭന്‍ തിക്കോടി

നല്ല ക്ഷീണം കൊണ്ടാവാം, മഹേഷ്‌ നേരത്തെ തന്നെ കിടന്നു. ഉറക്കത്തിലേയ്ക്കു വഴുതിയത് അറിഞ്ഞത് പോലുമില്ല.

ഒരു ഫ്ലേഷ് ലൈറ്റ് മുഖത്തടിച്ച പോലെ.. ഒരു സ്വപ്നലോകത്ത് ...
ഏതോ കടലോരത്ത് കൂടെ നടക്കുകയാണ് താന്‍. കൂടെ ഒരാളുണ്ട്. ആകാശത്തിന്റെ ഒരു കോണിലേയ്ക്കു കൈ ചൂണ്ടി അയാള്‍ മൊഴിഞ്ഞു.

''ആ ഭാഗത്ത്‌ നോക്കൂ. .. .നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഒക്കെ അവിടെക്കാണാം.''

ചലച്ചിത്ര ദൃശ്യങ്ങള്‍ പോലെ തന്‍റെ കുട്ടിക്കാലവും കൗമാരവും യൌവനവുമൊക്കെ മഹേഷ്‌ കണ്ടു. ഓരോ ചെറു ദൃശ്യത്തിനുമൊപ്പം നീണ്ട മണല്പ്പരപ്പുകള്‍. ഒരു ജോഡി അല്ലെങ്കില്‍ രണ്ടു ജോഡി പാദമുദ്രകളും.

'' ആരുടേതാണ് ആ കാലടികള്‍? '' മഹേഷ്‌ ചോദിച്ചു.

'' ഒരു ജോഡി മഹേഷിന്റേതു തന്നെ. മറ്റേതു മഹേഷിന് എന്നും താങ്ങായ ദൈവത്തിന്റെതും ''

അവസാന ദൃശ്യം കഴിഞ്ഞപ്പോള്‍ മഹേഷ്‌ ഒരു കാര്യം ശ്രദ്ധിച്ചു.. പല സമയങ്ങളിലും പാദമുദ്രകള്‍ ഒരു ജോഡി മാത്രം, അതും താനേറെ വിഷമിച്ച ദു:ഖിച്ച സമയങ്ങളില്‍.

'' സുഹൃത്തേ, എനിയ്ക്ക് മനസ്സിലാവുന്നില്ല. തുടക്കം മുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ദൈവം എന്‍റെ ഏറ്റവും വിഷമിച്ച ഘട്ടങ്ങളിലൊക്കെ എവിടെ പോയി? എനിയ്ക്കെന്നും താങ്ങായി ഒപ്പമുണ്ട് എന്ന് പറയുന്ന ദൈവം എന്തെ എനിയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് എന്നെ വിട്ടു മാറിയത്?''

'' മഹേഷ്‌, ദൈവം കരുണയുള്ളവനാണ്. നിന്നെ വിട്ടുപോയി എന്ന് നീ കരുതുന്ന സമയത്തൊക്കെ ദൈവം നിന്നോടൊപ്പം ഉണ്ടായിരുന്നു. പരീക്ഷണ ഘട്ടങ്ങളിലൂടെ നീ കടന്നു പോയപ്പോഴൊക്കെ നിന്നെ തോളിലേറ്റി നടക്കുകയായിരുന്നു, ദൈവം. നിന്റെ പാദമുദ്രകളാണ് അന്നേരങ്ങളില്‍ അവിടെ പതിയാതിരുന്നത്.''

                                                ------------

[ഒരു പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറില്‍ പ്രസിദ്ധീകരിച്ചത് - 1995 ല്‍ ]